മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് മന്ത്രി കെ ടി ജലീല്‍

·

തിരുവനന്തപുരം: കോളജില്‍ മുഖം മറച്ചുള്ള വസ്​ത്രധാരണം നിരോധിച്ച എംഇഎസിന്‍റെ നടപടിയ്ക്ക് പിന്തുണയുമായി മന്ത്രി കെ ടി ജലീല്‍.

മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഹജ്ജ് ചെയ്യുമ്ബോഴും നിസ്കരിക്കുമ്ബോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട്. ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണം എന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നിലെ കച്ചവട താല്‍പര്യവും മന്ത്രി എടുത്തു പറഞ്ഞു. 313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മ്മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 2019-20 അധ്യയന വര്‍ഷം മുതല്‍ മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്)​ കീഴിലുള്ള കോളജുകളില്‍ മുഖം മറച്ചുള്ള വസ്​ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ എം.ഇ.എസ്​ പ്രസിഡന്‍റ്​ ഡോ. പി.കെ ഫസല്‍ ഗഫൂര്‍ പുറത്തുവിട്ടത്​.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനികള്‍ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക്​ വരുന്നില്ലെന്ന് അധ്യാപകര്‍​ ഉറപ്പ്​ വരുത്തണം. വിവാദത്തിന്​ ഇടം കൊടുക്കാതെ 2019-20 അധ്യയന വര്‍ഷം മുതല്‍ അത്​ പ്രാവര്‍ത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യയന വര്‍ഷത്തെ കോളജ്​ കലണ്ടര്‍ തയാറാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്​. കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്​ പുതിയ നിയമമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്​

പൊതു സമൂഹത്തിന്​ സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷ വിധാനങ്ങള്‍ അത്​ ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും​ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ മതസംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *