മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദിനപത്രമായി പിറവിയടുത്ത സുപ്രഭാതം ദിനപത്രത്തിന്റെ എട്ടാംവാര്‍ഷിക കാമ്പയിനോടനുബന്ധിച്ചുള്ള പ്രചാരണത്തില്‍ വിലങ്ങ് തീര്‍ത്ത് വീണ്ടും മുസ്ലിം ലീഗ് രംഗത്ത്. ഇടതുപക്ഷ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു എന്ന കാരണത്താലാണ് പത്രത്തിനെതിരേ രൂക്ഷ നിലപാടുമായി മുസ്ലിം ലീഗ് രംഗത്ത് വന്നത്. ഇതിനായി സമസ്തയിലെ ലീഗിന് മുന്‍ തൂക്കം നല്കുന്ന ചിലരെ ഉപയോഗിച്ചാണ് ലീഗ് നീക്കം നടത്തുന്നത്. പരമാവധി കോപ്പികള്‍ കുറപ്പിക്കാനാണ് ശ്രമമെന്ന് സമസ്ത പ്രവർത്തകർ ആരോപിക്കുന്നു
എന്നാല്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല എന്നും പ്രസ്തുത നിലപാടുകള്‍ കൊണ്ടാണ് സുപ്രഭാതത്തിന് സ്വീകാര്യത ലഭിക്കുന്നതെന്നും വ്യക്തമാക്കി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ സയ്യിദ് ജിഫ്രി തങ്ങളും രംഗത്തെത്തി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫിന്റെ പരസ്യം നല്കിയതും വാര്‍ത്തകള്‍ കൊടുക്കുന്നതും ലീഗിനെ അലോസരപ്പെടുത്തിയിരുന്നു. യുഡിഎഫിന്റെ പരസ്യം തെരഞ്ഞെടുപ്പ് ദിവസം നല്‍കിയതിനെ മറച്ച് വച്ചാണ് പ്രചാരണം നടക്കുന്നതെന്നും എല്‍ഡിഎഫിന്റെ പരസ്യം തമസ്കരിക്കുന്ന നിലപാട് പത്രത്തിനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സുപ്രഭാതം തുടങ്ങുന്നതിന് മുമ്പ് തന്നെ അതിനെ തകര്‍ക്കാനുള്ള നീക്കം ലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായിട്ടുണ്ട്. ചന്ദ്രിക കാമ്പയിനുകള്‍ സുപ്രഭാതം കാമ്പയിനോടനുബന്ധിച്ച് പ്രഖ്യാപിച്ച് കാമ്പയിന് തകര്‍ക്കാനുള്ള നീക്കം മുന്‍പും നടന്നിട്ടുണ്ട്. പാലക്കാട് എഡിഷന് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചന്ദ്രിക എഡിഷന് പ്രഖ്യാപനവുമായി രംഗത്തെത്തിയും സമസ്ത പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പാണക്കാട് തങ്ങന്മാരുടെ സാന്നിധ്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ സമസ്തയിലെ രണ്ട് ഉന്നതരായ വ്യക്തികളുടെ നേതൃത്വത്തില്‍ സുപ്രഭാതത്തിനെതിരേ യോഗം ചേര്‍ന്നത് സമസ്തയില്‍ വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു. സുപ്രഭാതത്തിന്റെ തലപ്പത്ത് നിലകൊള്ളുകയും പത്രം തകര്‍ക്കാന്‍ നീക്കം നടത്തുകയും ചെയ്യുന്നവരെ കൊണ്ട് അധികൃതര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
എട്ടാം വാര്‍ഷിക കാമ്പയിന് പ്രചാരണം ശക്തമാക്കാന്‍ ആസൂത്രണങ്ങള്‍ നടത്തിവരികയാണെന്നും എല്ലാ വിവര്ശനങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും സുപ്രഭാതം പ്രതിനിധി പ്രതികരിച്ചു.
സമസ്ത പത്രം സുപ്രഭാതത്തെ പൂട്ടാൻ മുസ്ലിം ലീഗ് ശ്രമമെന്ന് ആരോപണം
·