‘നിപ’ ജാഗ്രത: ആരോഗ്യമന്ത്രി കൊച്ചിയിലേക്ക്, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നു

webdesk
By webdesk June 3, 2019 11:52

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് ‘നിപ’ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിലാണ് യോഗം നടത്തുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഇന്ന് രാവിലെത്തന്നെ കൊച്ചിയിലെത്തിയിരുന്നു. യോഗത്തിന് ശേഷം സെക്രട്ടറി ആശുപത്രിയിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തും.

അൽപസമയത്തിനകം ആരോഗ്യമന്ത്രിയും കൊച്ചിയിലെത്തും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെ കെ ശൈലജ കൊച്ചിയിലേക്ക് പോവുക. അവിടെ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടർനടപടികൾ. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട്ട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്നുകൾ ഇപ്പോഴും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ‘നിപ’ ബാധയുണ്ടെങ്കിൽ അതിന് വേണ്ട എല്ലാ മരുന്നുകളും തയ്യാറാണെന്നും ആരോഗ്യവകുപ്പിന്‍റെ ഉദ്യോഗസ്ഥർ അറിയിക്കുന്നു. ആവശ്യമെങ്കിൽ യുവാവ് കോഴ്‍സിനായി പോയ തൃശ്ശൂരിലേക്കും യുവാവ് പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജിലേക്കും മരുന്നുകൾ എത്തിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എറണാകുളത്ത് പറവൂരിൽ യുവാവിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശവും ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം അനുസരിച്ച് യുവാവിന് ‘നിപ’ ബാധയുണ്ടെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ഇത് അന്തിമമല്ല. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാംപിളുകൾ അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം ഉച്ചയോടെ മാത്രമേ വരൂ. അതനുസരിച്ചാകും ആരോഗ്യവകുപ്പിന്‍റെ തുടർനടപടികൾ. തൃശ്ശൂരിലും ഡിഎംഒയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നിരുന്നു.

അതേസമയം, കോഴിക്കോട്ട് നിന്ന് ‘നിപ’ വിദഗ്‍ധ സംഘം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തും. ആറംഗ സംഘം കോഴിക്കോട്ട് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇതിന് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ വി ആർ രാജേന്ദ്രന്‍റെ നേതൃത്വത്തിൽ യോഗവും ചേർന്നിരുന്നു.

യുവാവിന്‍റെ നിലയിൽ നേരിയ പുരോഗതി

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ അമ്മ ഇപ്പോൾ നിരീക്ഷണത്തിലാണ്. ‘നിപ’ രോഗലക്ഷണങ്ങളുണ്ടെന്ന സൂചന ലഭിച്ച ഉടൻ തന്നെ യുവാവിനെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.

കൊച്ചിയിലെ ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. മരുന്നുകൾ എത്തിച്ചിട്ടുണ്ട്.

കുട്ടിയുടെ തലച്ചോറിനെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇത് പടരാൻ സാധ്യതയില്ലെന്ന് തൃശ്ശൂർ ഡിഎംഒ ഡോ. കെ ജെ റീന അറിയിച്ചിരുന്നു. മെയ് 20 മുതൽ 24 വരെയാണ് യുവാവ് തൃശ്ശൂരിലുണ്ടായിരുന്നത്. തൃശ്ശൂരിലും എല്ലാ തരത്തിലുമുള്ള മുൻകരുതലുകളും എടുത്തിട്ടുണ്ട്. പനിയുടെ ഉറവിടം തൃശ്ശൂരല്ല. കാരണം തൃശ്ശൂരിലെത്തുമ്പോൾ യുവാവിന് പനിയുണ്ടായിരുന്നു. തൃശ്ശൂരിൽ തൊഴിലധിഷ്ഠിത കോഴ്‍സിന്‍റെ ഭാഗമായി പോയ യുവാവ് നാലാം ദിവസം കൊച്ചിയിലേക്ക് മടങ്ങി. യുവാവിന്‍റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാർത്ഥികൾക്കും ഇതുവരെ പനിയുടെ ലക്ഷണമില്ല. അടുത്തിടപഴകിയിരുന്നത് 6 പേരാണ്. അവർക്ക് വൈറസ് ബാധിക്കാൻ സാധ്യതയില്ലെന്നും, അവർക്കിതുവരെ ഒരു രോഗലക്ഷണവും കാണുന്നില്ലെന്നും തൃശ്ശൂർ ഡിഎംഒ അറിയിച്ചു.

തൃശ്ശൂരിൽ യുവാവ് താമസിച്ചിരുന്ന പ്രദേശം ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇതുവരെ ആശങ്കപ്പെടേണ്ട ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും ഡിഎംഒ വ്യക്തമാക്കുന്നു.

webdesk
By webdesk June 3, 2019 11:52
Write a comment

No Comments

No Comments Yet!

Let me tell You a sad story ! There are no comments yet, but You can be first one to comment this article.

Write a comment
View comments

Write a comment

<

Recent